ലൈഫ് ഈസ് ബ്യൂട്ടിഫുൾ…

കാലത്തുണർന്ന് കൂട്ടുകാരനെ ജോലിയ്ക്ക് പറഞ്ഞയച്ച ശേഷം തിരിച്ചു വന്ന് വീടിനരികിലൂടൊഴുകുന്ന കുഞ്ഞരുവിയുടെ സ്വരം കേട്ടങ്ങനെ എത്ര നേരം നിന്നെന്നറിയില്ല. കഴിക്കാൻ തരൂന്നും പറഞ്ഞ് രണ്ടാളും കൂടി വന്നു വിളിച്ചപ്പോഴാണ് ക്ലോക്കിലേയ്ക്ക് നോക്കുന്നത്. സമയം കണ്ട് പരിഭ്രമിച്ച് സ്കൂളിൽ പോവേണ്ടേ എന്ന് ചോദിച്ചപ്പോ ഈ അമ്മയെക്കെന്താ ഇന്ന് സ്കൂളില്ലെന്നറിയില്ലന്നും പറഞ്ഞ് രണ്ടാളും കൂടി എന്നെ കളിയാക്കി ചിരിച്ചു . പിന്നെ കഴിക്കാൻ കൊടുക്കലും പതിവു ഗുസ്തികളുമായി അവർക്കൊപ്പം നിന്നതിനിടയിലേയ്ക് നാട്ടിൽ നിന്നും ഉറ്റ സുഹൃത്തിന്റെ ഫോൺവിളി എത്തി. അരമണിക്കൂർ കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു. ബാക്കിജോലികളും തീർത്ത് കൂട്ടുകാരിയെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ നിന്ന് കുട്ടികളുടെ തല്ലുകൂടലുകൾക്കിടയിലേയ്ക്ക് ഇറങ്ങി വന്നപ്പോളവളുടെ ആദ്യ ചോദ്യമെത്തി. നിന്റെ മക്കൾക്കെന്താ സ്കൂളില്ലേ ഇന്ന് ? അവധിയാണോ ? “ഒന്നും പറയേണ്ട, ഇവിടെ ഇനി രണ്ടാഴ്ച അവധിയാണ്. എന്റെ ക്ഷമ വീടു വിട്ടിറങ്ങിപോകുമെന്ന് തോന്നുന്നു എന്നായി ഞാൻ. അതെന്തേ ഇപ്പോ ഇങ്ങനെ ഒരു അവധി,സ്കൂൾ തുറന്നിട്ടധികാമായില്ലല്ലോയെന്ന് വീണ്ടുമവൾ. പഠനം വല്ലാതങ്ങ് വിരസമാവാതിരിക്കാനുള്ള ചെപ്പടിവിദ്യയാവും ഈ അവധികളെന്ന് പറഞ്ഞവസാനിച്ചു ഞങ്ങളുടെ അന്നത്തെ ഫോൺവിളി. ഞാനെന്താണങ്ങനെ പറഞ്ഞതെന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ടാവും അവളെന്നെനിക്കുറപ്പാണു.

ഇവിടെ സ്വിറ്റ്സർലണ്ടിൽ ഇപ്പോൾ നിറങ്ങളുടെ ഒക്ടോബർ. മരങ്ങളപ്പാടെ ഹോളി ആഘോഷിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വർണ്ണപ്പകിട്ടാണ് ചുറ്റും. ഇളം ചുവപ്പും കടും ചുവപ്പും ഇളം മഞ്ഞയും കടുത്ത മഞ്ഞയും പിങ്കും ഓറഞ്ചും ഇവയ്ക്കിടയിൽ നിന്നൊക്കെ രക്ഷപ്പെട്ട് അവിടവിടെ മറഞ്ഞ് നിൽക്കുന്ന പച്ച കുപ്പായക്കാരുമൊക്കെ വലിയൊരു ക്യാന്വസിലേയ്ക്ക് വിരുന്ന് വന്നിരുന്ന് ചായം ചാലിക്കാനറിയുന്നവരെ വെല്ലുവിളിക്കുകയാവുമോ ? സങ്കടം എന്താന്ന് വച്ചാൽ നിറങ്ങളെ മുഴുവൻ തല്ലിക്കൊഴിച്ച് സൂര്യന്റെ ബാക്കി നിൽക്കുന്ന ചൂടും വെളിച്ചവും തട്ടിപ്പറിച്ച് മണ്ണും മനുഷ്യരും തണുത്തുറായാനിനി അധികനാളില്ല എന്നതാൺ. അതിനുമുൻപ് ചെയ്യാനുള്ളതൊന്നു പോലും വിട്ടുപോകാതെ തിരക്കിട്ട് ചെയ്തു തീർക്കുകയാണിവിടെ ‌മണ്ണും മനുഷ്യനും.

ഇങ്ങനൊരു തിടുക്കം കൂട്ടലിന്റെ ഭാഗം തന്നെയാണ് ഇപ്പോഴുള്ള സ്കൂൾ അവധിയും. പഠനം വിരസമാവാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ അവധി നൽകുന്നു എന്നത് വല്യ കാര്യം തന്നെ. പക്ഷേ അതിനേക്കാൾ വല്യ കാര്യമായി തോന്നിയിട്ടുള്ളത് ഓരോ ചെറിയ അവധിക്കാലങ്ങളും എത്രയധികമായി കാലഭേദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസ്സിലാവുമ്പോഴാണ്. ഇപ്പോ തന്നെ ഈ രണ്ടാഴ്ചത്തെ അവധിക്കാലത്തിന്റെ പേരു തന്നെ Fall Break/ Autumn Break (Herbst Ferien) എന്നാൺ. തണുപ്പും മഞ്ഞും വന്ന് നിറങ്ങളെയും വെളിച്ചത്തെയും തല്ലി കെടുത്തുന്നതിനു മുൻപ് വിളവെടുപ്പുകളും ആഘോഷങ്ങളും യാത്രകളും നടത്താൻ അനുവദിക്കപ്പെട്ടിരിക്കുന്ന പരോൾകാലം. ശിശിരം തീർക്കാൻ പോകുന്ന തടവറയിലേയ്ക്ക് കടക്കും മുൻപുള്ള ഊർജ്ജശ്രോതസ്സുകളാണീ ദിനരാത്രങ്ങൾ. ഓരോ അവധിക്കാലങ്ങൾക്കും ഇങ്ങനെ ഓരോ കഥകൾ പറയാനുണ്ട്… അദ്ധ്യയന ദിവസങ്ങളിലെ ഗൃഹപാഠങ്ങൾ പോലും കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പറയുമ്പോൾ തന്നെ എത്രയധികം പ്രാധാന്യം പ്രകൃതിയ്ക്ക് ഇവിടുത്തെ മനുഷ്യജീവിതങ്ങളിൽ ഉണ്ടെന്ന് മനസ്സിലാവും. .വേനൽ ഉച്ചസ്ഥായിലാവുന്ന ദിവസങ്ങളിലൊക്കെ എല്ലാവരും മുറ്റത്തിറങ്ങി സൂര്യന്റെ ചൂടും വെളിച്ചവും ആവോളം ആസ്വദിച്ച് കൂട്ടുകാർക്കൊപ്പം കളിച്ചാൽ മതിയെന്നും കളികൾക്കിടയിൽ ചുറ്റുവട്ടത്തുള്ള മരങ്ങൾ ഏതൊക്കെയെന്നു കണ്ട് പിടിച്ച് അവയോരോന്നിന്റെയും ഇലകളും കായ്കളുമൊക്കെ ശേഖരിച്ച് പിറ്റേന്ന് ക്ലാസ്സിൽ കൊണ്ട് ചെല്ലുകയെന്നത് മാത്രമാണ് ഗൃഹപാഠമെന്നും പറയുമ്പോൾ ഇന്നുമെനിക്കത്ഭുതം തന്നെയാണു. വലിയ ക്ലാസ്സുകളിൽ സ്ഥിതി മാറുക തന്നെ ചെയ്യും. അങ്ങനെയായാൽ പോലും ചെറിയ ക്ലാസ്സുകളിലെ കുട്ടികൾക്കെങ്കിലും നിറപ്പൊട്ടുകളുള്ള ഒരു ബാല്യം നിഷേധിക്കപ്പെടുന്നില്ല എന്ന ചിന്ത തരുന്നത് വല്യ സമാധാനം തന്നെയാണ്.

മഞ്ഞുറയുന്ന തണുപ്പു കാലത്തെയും ഇവർ മറന്നു കളയുന്നില്ലെന്നതാണിനി കൂട്ടി ചേർക്കാനുള്ളത്. ഈ ഒരു അവധിക്കാലം കഴിഞ്ഞു വരുന്ന ക്രിസ്തുമസ്സിന്റെ അവധികൾക്കും ആഘോഷരാവുകൾക്കും ശേഷം ഫെബ്രുവരിയിലുമുണ്ട് രണ്ടാഴ്ചക്കാലം. ശിശിരത്തിൽ കുമിഞ്ഞു കൂടിയ മഞ്ഞിന്റെ പാളികൾക്ക് മുകളിലൂടെ സ്കീയിങും സ്ലെഡ്ജിങും നടത്തി അഘോഷിക്കാൻ കിട്ടുന്ന Sports Break ( Sport Ferien). അതിനു ശേഷം ഏപ്രിലിലുമുണ്ട് പൊട്ടിമുളയ്ക്കുന്ന വസന്തത്തെ വരവേൽക്കാൻ രണ്ടാഴ്ചകൾ . ഇങ്ങനെയിങ്ങനെ ഇടയ്ക്കിടെ വീണു കിട്ടുന്ന അവധികൾക്കൊടുവിൽ വർഷാവസാനം വേനലവധിയ്ക്ക് ജൂലൈയിൽ സ്കൂൾ പൂട്ടുമ്പോൾ ഇവിടെ ഒരു കുട്ടിയും ” രക്ഷപ്പെട്ടു. ഇനി അഞ്ചാഴ്ച സ്കൂളിൽ പോവേണ്ട” എന്നോർത്ത് നെടുവീർപ്പിടില്ല എന്നെനിക്കറിയാം. മിക്ക അവധികൾക്ക് ശേഷവും ആ അവധിക്കാലം കഴിഞു വരുമ്പോൾ അവർ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെ ചേർത്ത് ചെറിയ ചെറിയ പ്രോജക്ടുകൾ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുമുണ്ട്. വലിയ ക്ലാസ്സുകളിലൊക്കെ അതൊക്കെ കുട്ടികളെ വിലയിരുത്തുന്നതിന്റെ ഭാഗമായി കണക്കിലെടുക്കുക പോലും ചെയ്യാറുണ്ടെന്ന് ചില അമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട് .ഇനിയുമുണ്ട് അവധിക്കാല വിശേഷങ്ങൾ. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പ്രൈവറ്റായി നമ്മൾ അവരെ അയക്കുന്ന പാഠ്യേതര വിഷയങ്ങൾക്ക് ട്രെയിനിംഗ് നൽകുന്ന സ്ഥാപനങ്ങളും സ്കൂളുകൾക്കൊപ്പം അവരുടെ കോഴ്സുകളും ഈ അവധിക്കാലങ്ങളിൽ നിർത്തി വെയ്ക്കും. കഴിഞ്ഞു പോയ ദിവസങ്ങളിലൊന്നിലൽ ഒരു സുഹൃത്തുമായി ഇതൊക്കെ പങ്കു വച്ചിരിക്കുന്നതിനിടയിൽ കേട്ട കമന്റ് കൂടി പറയാതെ തരമില്ല. എത്ര നല്ല രാജ്യം. ഇങ്ങനെയൊരു വ്യവസ്ത്ഥിതിയുടെ ഭാഗമാവാൻ കഴിയുക എത്ര ഭാഗ്യമെന്നും. “സത്യം”.

മനസ്സു കുളിർപ്പിക്കുന്ന ഈ ചിന്തകൾക്ക് നടുവിൽ നിൽക്കുമ്പോഴും മറ്റ് ചിലത് മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇവിടെ വളരുന്ന കുട്ടികൾക്ക് മാത്രമേ ഉള്ളല്ലോ ഇങ്ങനെ ഇടയ്ക്കിടെ അവധികളെന്നാലോചിക്കുമ്പോൾ ഒരു കുഞ്ഞ് സങ്കടം എവിടെ നിന്നൊക്കെയോ ഊറിക്കൂടുന്നുണ്ട്. നാട്ടിലെ സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്ക് ശേഷവും ക്രിസ്തുമസ്സിനോട് അടുത്തു വരുന്ന പരീക്ഷകൾ കഴിഞ്ഞ് കിട്ടുന്ന പത്ത് ദിവസങ്ങളും അദ്ധ്യനവർഷം തീരുമ്പോൾ കിട്ടുന്ന വേനലവധിയുമല്ലാതെ മഴ നനയാനും ഉത്സവമേളങ്ങൾക്കൊപ്പം നടക്കാനും കടലു കാണാനുമൊക്കെ ഓരോ അവധിക്കാലങ്ങൾ ഇല്ലാത്തതെന്തെന്ന് ആലോചിച്ചു പോവുകയാണ് .മുകളിൽ പറഞ്ഞ അവധികളൊക്കെ തന്നെയും ഇന്ന് കടലാസ്സുകളിൽ മാത്രമൊതുങ്ങുന്ന അവധികളാണെന്നും ആ ദിവസങ്ങളിൽ പോലും എക്സട്രാ ക്ലാസ്സുകളും മറ്റുമായി കുട്ടികൾക്ക് വിനോദങ്ങൾക്കൊന്നും സമയമില്ലെന്ന് കേട്ടതും ഈയടുത്താണു. സെമെസ്റ്റെർ പരീക്ഷകൾ വ്യാഴാഴ്ചയോടെ തീർന്ന് മിച്ചം വന്ന ഒരു വെള്ളിയാഴ്ച കൂടി ക്ലാസ്സ് വച്ചതിൽ പ്രതിഷേധിച്ച് കുട്ടികളോട് ഇന്നു സ്കൂളിൽ പോവേണ്ടാന്ന് പറഞ്ഞ് വീട്ടിൽ പിടിച്ചിരുത്തിയ ഒരു അചഛനോടും അമ്മയോടും സംസാരിച്ചിട്ട് അധികദിവസമായില്ല.പഠനവും പരീക്ഷകളും ആരോഗ്യകരമായ ഒരു മത്സരമല്ലാതാവുന്ന ഈ കാലത്തും കുട്ടികളോട് ബോധപൂർവ്വം പെരുമാറുന്നവരുണ്ടെന്നറിയുന്നത് പ്രതീക്ഷാർഹം തന്നെ. ഇങ്ങനെയുള്ള ഒരുപാട് അച്ഛനമ്മമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും കൊണ്ട് നിറയുന്ന ഒരു ലോകമാവട്ടെ നാളെയുടെ സ്വപ്നം !!!

Advertisements
Posted in Uncategorized | Tagged , | 3 Comments

രുചിയോർമ്മ…


“ഓർമ്മകൾക്കെന്ത് സുഗന്ധം” എന്ന പ്രയോഗം മാത്രമേ ഗൃഹാതുരതയുമായി ചേർത്ത് ഞാനിന്നുവരെ കേട്ടിട്ടുള്ളൂ. രുചികൾ ഓർമ്മകളെ ഉണർത്തി കാഴ്ചകളാക്കി കണ്മുന്നിലേയ്ക് കൂട്ടിക്കൊണ്ട് വരുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഭാഷാ പ്രയോഗങ്ങളെന്തേ നമുക്കില്ലാതെ പോയി ?

പ്രവാസത്തിന്റെ മണ്ണിലെ ആദ്യത്തെ കുറച്ച് വർഷങ്ങളിൽ സ്വയം പാചകം ചെയ്തോ ,അപൂർവ്വമായി മറ്റു ചിലയിടങ്ങളിൽ നിന്നോ കഴിച്ച ഭക്ഷണസാധങ്ങൾ അമ്മയെ രുചിയായി മുന്നിൽ കൊണ്ട് വന്ന് നിർത്തിയിട്ടുണ്ട്.( തന്മാത്ര എന്ന സിനിമയിൽ കഞ്ഞിയും പുഴുക്കും കഴിക്കുമ്പോൾ അമ്മയെ ഓർത്ത് കണ്ണുനിറയുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വികാരത്തോളം വരില്ലെങ്കിലും.) അമ്മയല്ലാതെ വേറൊരാളൊ ആളുകളോ രുചിയായി വന്ന് എന്റെ ഓർമ്മകളെ ഉണർത്തിയ ഒരു അനുഭവം ഈ അടുത്തകാലം വരെ ഉണ്ടായിട്ടുമില്ല. അതിനൊരു അപവാദമായി മാറി ഈ കഴിഞ്ഞുപോയ അവധിക്കാലത്തെ ഒരു സുഹൃദ് സന്ദർശനം.

നാട്ടിലെ അവധിക്കാലം കഴിഞ്ഞു തിരികെ വരുമ്പോൾ കുട്ടികളൾക്ക് വേണ്ടിയും സുഹൃത്തുക്കൾക്ക് കൊടുക്കുവാനുമായി മധുരപലഹാരങ്ങളും, കായവറുത്തത് പോലെ ഇവിടെ ലഭ്യമല്ലാത്ത ചില ഭക്ഷണസാമഗ്രഹികളും കൊണ്ട് വരിക പതിവാണ്.പക്ഷേ ഇത്തവണത്തെ വരവിൽ ആ ലിസ്റ്റിലേയ്ക്ക് പുതിയ ഒരു വിഭവം കൂടി കയറിപ്പറ്റി. മധ്യതിരുവിതാംകൂറിന്റെ സ്വന്തമായ, വളരെ “പ്രശസ്തയായ” ഒരു ബേക്കറിയുടെ ഫ്രൂട്ട് കേക്ക്. ക്രിസ്തുമസ്സ് സീസണിന്റെ ഓർമ്മ എന്നതിനപ്പുറം, അതെന്റെ നാവിനെ വല്ലാതെ പ്രലോഭിപ്പിച്ചിട്ടുണ്ട് എന്ന് പറയാൻ വയ്യ. പക്ഷേ വർഷങ്ങൾക്ക് ശേഷം കണ്ട എന്റെ പ്രിയസുഹൃത്തിന്റെ വീട്ടില് ചിലവഴിച്ച വൈകുന്നേരത്തെ, ഈ രുചിക്കൂട്ട് എങ്ങനെ ഇത്രയധികം സ്വാധീനിച്ചു എന്നറിയില്ല. ചായയ്ക്കൊപ്പം കഴിച്ചവയിൽ ഫ്രൂട്ട് കേക്കും ഉണ്ടായിരുന്നു എന്നത് വാസ്തവം. നല്ല സ്വാദുണ്ടെന്ന് തോന്നിയതും ഏത് കടയിൽ നിന്നാണെന്ന് ചോദിച്ചതും കാര്യം തന്നെ. അങ്ങനെ ഇഷ്ടം തോന്നി അവധിയുടെ അവസാനദിന ഷോപ്പിങ്ങിൽ ആ പറഞ്ഞ കടയിൽ നിന്ന് അതേ കേയ്ക്ക് വാങ്ങി പായ്ക്ക് ചെയ്തതും പറയാൻ മാത്രമുള്ള വിശേഷമായിട്ടായിരുന്നില്ല.

പക്ഷേ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ആ കേയ്ക്ക് തന്നെ ഒരു വിശേഷമായി എന്നതാണ് രസം. ഉച്ചഭക്ഷണത്തിനു ശേഷം വായിക്കാൻ ഒരു പുസ്തകവുമായി ഇരുന്നതിന് കൂട്ടായി ഒരൽപ്പം മധുരം കൂടി ആവാമെന്ന് കരുതിയപ്പോൾ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചതേയില്ല. ആ കേയ്ക്കിൽ നിന്നൊരു നുള്ളെടുത്ത് വായിലിട്ട മാത്രയിൽ *സുഹൃത്തിന്റെ വീടും ആ ചിരിയിൽ പൊതിഞ്ഞ വൈകുന്നേരവും നാവിലെ രുചിയായത് ശരിക്കും അതിശയമായി. പിന്നീട് പലപ്പോഴായി ആ കേയ്കിൽ നിന്നോരോ കുഞ്ഞുനുള്ള് പൊട്ടിച്ചു വായിലിട്ടപ്പോഴും ആ വൈകുന്നേരവും കഴിഞ്ഞുപോയ അവധിക്കാലം മുഴുവനും കൂടുതൽ മധുരിക്കുന്ന സ്വാദായത് ഞാനറിഞ്ഞു. മഴയില്‍ കുതിര്‍ന്ന ഒരു അവധിക്കാലത്തിന്റെ ഓർമ്മകൾക്ക് കൂട്ടായി സാൾട്ട് & പെപ്പർ എന്ന രുചിയുള്ള സിനിമ കൂടിയുണ്ടായത് യാദൃശ്ചികം മാത്രമാണോയെന്ന് വെറുതെ ആലോചിച്ചു പോവുന്നു.

*സമര്‍പ്പണം:- മധുരമുള്ള ഒരു വൈകുന്നേരം സമ്മാനിച്ച എന്‍റെ പ്രിയമിത്രത്തിന്.

Posted in Uncategorized | Tagged , , | 4 Comments

എന്റെ അമ്മയെന്താ വരാത്തെ ?

കളിച്ചു തിമർത്തു നടന്ന അഞ്ചാഴ്ചകൾക്കു ശേഷം വീണ്ടും പുതിയ ഒരു സ്കൂൾ വർഷം. നഴ്സറി ക്ലാസ്സിന്റെ പടിയിറങ്ങി വന്ന് സ്കൂൾ കുട്ടിയുടെ ഗൗരവം എടുത്തണിഞ്ഞു ഒന്നാം ക്ലാസ്സിലേയ്ക്ക് പോകാൻ എനിക്കുമുണ്ടായി ഒരാൾ വീട്ടിൽ. ചേച്ചി ചെയ്യുന്നതും ചെയ്തതും ചെയ്യാൻ കലണ്ടറിന്റെ താളുകൾ മറിയുന്നതും നോക്കിയിരുന്ന വാവയ്ക്ക് ചെറിയൊയൊരു സങ്കടം മാത്രം ബാക്കിയായി. രണ്ടാളും രണ്ട് സ്കൂളുകളിൽ. ഇവിടെ സ്കൂൾ അഡ്മിഷനിൽ മാതാപിതാക്കൾക്ക് യാതൊരു വിധ പങ്കാളിത്തവും ഇല്ല എന്നതാണതിന്റെ കാരണം. കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിനു പ്രായമാവുമ്പോൾ ക്യൂ നിന്ന് അപേക്ഷാഫോറം വാങ്ങിക്കാനോ,ഡൊണേഷൻ തുകയുണ്ടാക്കാനോ നമ്മൾക്ക് മേൽ സമ്മർദം ചെലുത്താത്ത സ്കൂൾ മാനേജ്മെന്റിനോടും പ്രാദേശികഭരണകേന്ദ്രത്തോടും പരാതിപ്പെട്ടിട്ട് കാര്യവുമില്ല. ആൺ പെൺ അനുപാതവും,സ്വദേശി വിദേശി അനുപാതവും,അടുത്തടുത്ത വീടുകളിൽ നിന്ന് ഒന്നിച്ച് സ്കൂളിലേയ്ക്ക്  നടക്കാൻ കൂട്ടുണ്ടാവണം എന്നതുമൊക്കെ കൃത്യമായി വിശകലനം ചെയ്ത് അഡ്മിഷൻ ഉറപ്പാക്കിയിട്ട് ആ വിവരം അറിയിക്കാൻ തപാൽചാർജ്ജ് പോലും നമ്മളിൽ നിന്നീടാക്കാത്ത ഒരു ഭരണസംവിധാനത്തോട് നമ്മൾക്കൊന്നും പറയാനാവില്ല എന്നതാണ് സത്യം.

ആദ്യ ദിവസത്തിന്റെ ആനുകൂല്യമായി ഒന്നാം ക്ലാസ്സുകാരിയെ സ്കൂളിൽ നിന്നും തിരികെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരാൻ പോയ എന്റെ ക്യാമറയ്ക്ക് മുന്നിൽ വന്നു പെട്ടതാണിവൻ.(കുട്ടികൾ സ്കൂളിലേയ്ക്കും തിരിച്ചു വീട്ടിലേയ്ക്കും തനിച്ചു വരുകയും പോവുകയും ചെയ്യണമെന്ന അധ്യാപകരുടെ  അനുശാസനം ഞാനിന്നലെ  സൗകര്യപൂർവ്വം മറന്നു.) ആദ്യ ദിനത്തിന്റെ വിശേഷങ്ങൾ കേൾക്കാൻ പുറത്ത് അമ്മ കാത്തു നിൽപ്പുണ്ടാവും എന്ന് കരുതിയിട്ടുണ്ടാവും പാവം. മറ്റു കുട്ടികളൊക്കെ ക്ലാസ്സിനു പുറത്ത് കാത്തു നിന്നിരുന്ന അമ്മമാർക്കും അച്ഛന്മാർക്കും ഒപ്പം പോയിക്കഴിഞ്ഞിട്ടും എന്റെ അമ്മയെന്താ വൈകുന്നതെന്ന ചോദ്യം അവന്റെ പരിഭ്രമം നിറഞ്ഞ കുഞ്ഞുമുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാനാവുന്നുണ്ടായിരുന്നു.

Posted in Uncategorized | Tagged , , | 2 Comments

മഴ – പറയാൻ ബാക്കി വച്ച ചിലത്…

പുറത്ത് മഴ തകർക്കുകയാണ്‌. മഞ്ഞും തണുപ്പും ഒരു വിദൂര സ്വപ്നമാക്കി  ചെടികളും മരങ്ങളും ചിരിക്കാൻ തുടങ്ങിയ ശേഷം മഴമേഘങ്ങൾ ഇങ്ങോട്ടെയ്ക്കുള്ള വഴി തന്നെ മറന്നിരിക്കയായിരുന്നു എന്നു തോന്നുന്നു. മരവിച്ചു പോയ മണ്ണിന്‌ ചെറിയ ചാറ്റൽമഴകളുടെ തലോടൽ ഇടയ്കെപ്പോഴോ ഏല്ക്കാനായതൊഴിച്ചാൽ നനഞ്ഞു കുതിരാനുള്ള ഭാഗ്യം ഈ വർഷം വസന്തവും കടന്ന് വേനലെത്തിയിട്ടും കിട്ടിയിരുന്നില്ല. കൃഷിയിടങ്ങളിൽ വിത്തിറക്കി മുളപൊട്ടാൻ കാത്തിരുന്ന ദിവസങ്ങൾ പോലും വരണ്ടുണങ്ങിയവയായി അവശേഷിച്ചതിന്റെ നിലവിളികൾ പലയിടത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ കേൾക്കുന്നുമുണ്ടായിരുന്നു.ആ നിലവിളികൾക്കുത്തരമായി ഇന്നലെ മഴ വന്നു നിറഞ്ഞത് എല്ലാ സന്നാഹങ്ങളോടെയും ആയിരുന്നു.

രാത്രി വൈകിയും പെയ്തുകൊണ്ടിരുന്ന മഴയുടെ വിക്രിയകൾ കണ്ടും കേട്ടും ഉറങ്ങിപ്പോയതെപ്പോഴായിരുന്നു എന്ന്  ഓർമ്മയില്ല . നേരം പുലർന്നു എന്നറിയിച്ച് മുഴങ്ങിയ അലാറത്തിന്റെ അകമ്പടിയോടെ കണ്ണു തുറന്നത് കിടപ്പു മുറിയുടെ ഇരുൾ മൂടിയ അകത്തളത്തിലേയ്ക്കാണു. പോയ രാത്രിയിൽ ഷട്ടറുകൾ താഴ്ത്താൻ മറന്നിട്ടു കൂടി സൂര്യന്റെ സാന്നിധ്യമറിയിക്കാൻ ഉതകുന്ന ഒരു തരി വെളിച്ചം പോലും എവിടേയും എത്തിയിരുന്നില്ല.

കണ്ണു തുറന്ന മാത്രയിൽ ചിന്തകൾക്ക് കൂട്ടായി വന്നത് തുള്ളി തോരാതെ പെയ്യുന്ന നാട്ടിലെ ഇടവപ്പാതി. തലേന്ന് പെയ്ത മഴയിൽ നിന്നും വാരിക്കൂട്ടിയെടുത്ത്, ചുമരുകളിൽ നിന്നും ചുമരുകളിലേയ്ക് വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറുകളിൽ നിവർത്തിയിടുന്ന, തുണികളുടെ ഈർപ്പം നിറഞ്ഞ മുറികളുടെ ഗന്ധം ചുറ്റുവട്ടത്താകെ നിറയുന്നുണ്ടോ എന്നൊരു തോന്നൽ പോലുമുണ്ടായി. അപ്പോഴാണ്‌ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിന്റെ താൾ മറിയ്ക്കേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിച്ചത്.

അതിനൊപ്പം മനസ്സ് കൈയ്യടക്കിയത് പുതിയ കുടകളും,മഴക്കോട്ടുകളും പുത്തൻ ബാഗും,പുത്തനുടുപ്പും ഒപ്പം കരച്ചിലുമായി വരുന്ന കുരുന്നുകളെ വരവേൽക്കുവാൻ ഒരുങ്ങി നിൽക്കുന്ന നാട്ടിലെ വിദ്യാലയങ്ങളാണു. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നത് ഇത്ര കൃത്യമായി മഴമേഘങ്ങൾ എങ്ങനെയാണാവോ അറിയുന്നതെന്ന് പലപ്പോഴും ആലോചിച്ച്  അത്ഭുതപ്പെട്ടിട്ടുണ്ട്. വീട്ടിൽ കുറുമ്പും കുസൃതിയും  മാത്രം കാട്ടി ശീലിച്ചവരോട് അതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പറഞ്ഞ് പേടിപ്പിക്കലാവുമോ ഈ വരവിനു പിന്നിലുള്ള ചേതോവികാരം?

പല കാര്യങ്ങളുടെയും തുടക്കത്തിന്‌ മഴ ശുഭസൂചകമായി കരുതപ്പെടാറുണ്ട് എന്നത് മറക്കുന്നില്ല.എന്നിരുന്നിട്ടു കൂടി മൂന്ന് നാലു വയസ്സുവരെ അമ്മയുടെയും അച്ഛന്റെയും കൈവിരലിൽ തൂങ്ങി നടന്ന ശേഷം സ്കൂളെന്ന പുതിയ ലോകത്തേയ്ക്കുള്ള  ആദ്യ യാത്രയ്ക്കൊരുങ്ങുന്നവരെ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടുകൂടി വന്നു പേടിപ്പിക്കുന്ന മഴയെ ഒരു രാക്ഷസരൂപത്തിലാക്കി ഫ്രെയിം ചെയ്യാനാണ്‌ എനിക്ക് തോന്നുന്നത്. വിദ്യാഭ്യാസത്തിന്റെ ആരംഭ ദിനങ്ങളിൽ കരഞ്ഞിട്ടില്ലാത്ത കുട്ടിയെന്ന വിശേഷണം എനിക്കു മാത്രമേ ഞങ്ങൾ നാലു പേർക്കിടയിൽ ഉണ്ടായിരുന്നുള്ളു  എന്നാണെന്റെ അറിവ്. പക്ഷേ ആ ദിവസങ്ങളിൽ കറുത്തിരുണ്ട ആകാശവും ഇടിമിന്നലുമൊക്കെ എന്നെ പേടിപ്പിച്ചിരുന്നോ എന്ന് അറിയാൻ അമ്മയിലൂടൊരു പിന്നോട്ട് നടത്തമേ വഴിയുള്ളു..

കറുത്തിരുണ്ട മേഘങ്ങളിൽ നിന്നും, കാറ്റിനൊപ്പം ആർത്തലച്ചെത്തി മാങ്ങയും ചക്കയും യഥേഷ്ടം പൊഴിച്ചിട്ട്, ഇടിമിന്നലിന്റെ അകമ്പടിയോടെ വീട്ടിലെ ഫ്യൂസും കേടാക്കി വരുന്ന മഴയെനിക്കിന്നും മറ്റൊന്നിനും പകരം വെയ്ക്കാനാവാത്ത ഗൃഹാതുരത തന്നെയാണു്‌. പക്ഷേ ഈയിടെയായി എനിക്ക് തോന്നുന്നു ദിവസങ്ങളും വർഷങ്ങളും കടന്നു പോകുമ്പോൾ മഴയുടെ കാല്പനികഭാവത്തിൽ  നിന്നും ഞാൻ ദൂരെയ്ക്ക് നടന്നു കൊണ്ടിരിക്കയാണെന്ന്. അതുകൊണ്ടാവുമോ ഒരു കാലത്ത് സ്നേഹമായും, സൗഹൃദമായും, പ്രണയമായും, വിരഹമായും കരുതിയിരുന്ന മഴയെ ഒരു രാക്ഷസ രൂപത്തിലാക്കാൻ മാത്രം ഞാൻ ക്രൂരയായത് ? ഒരിത്തിരി സങ്കടത്തോടെയാണെങ്കിലും, സ്കൂളിൽ പോകുന്ന രണ്ട് കുസൃതികുരുന്നുകളുടെ അമ്മയായി പോയതു കൊണ്ട് മാത്രമാവും ഞാനിങ്ങനെയൊക്കെ ചിന്തിച്ചു പോകുന്നത് എന്ന് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

Posted in Uncategorized | Tagged , , | 3 Comments

ഫ്രൈഡ്റൈസ്…

മധ്യതിരുവിതാംകൂറിന്റെ നസ്രാണിപാരമ്പര്യങ്ങൾ മാത്രം ഭക്ഷണരീതികളിൽ പിന്തുടരുന്ന ഒരു വീടിന്റെ അന്തരീക്ഷത്തിൽ നിന്നും തിരിച്ചു കടിക്കാത്തതെന്തും കഴിക്കും എന്ന തത്വം  പാലിക്കുന്ന ഒരാളുടെ ജീവിതത്തിലേയ്ക്ക് കയറിച്ചെന്ന ശേഷമാണെന്ന് തോന്നുന്നു ലോകമേ തറവാടെന്ന സങ്കല്പം പൂർണ്ണമായി ഗ്രഹിച്ചത്. ഭക്ഷണകാര്യത്തിൽ ഇത്രയും വിശാലത ഞാൻ വേറൊരാളിലും കണ്ടിട്ടില്ല. പാചകകലയുടെ ആദ്യചുവടുവെയ്പ്പുകൾ തനിനാടനിൽ തന്നെയായിരുന്നു. മരുന്നിനു പോലും പുറത്ത് ഭക്ഷണം കഴിയ്ക്കുന്ന പതിവ് പടിയിറങ്ങിയ വീടിന്റെ ശീലങ്ങളിൽ ഇല്ലായിരുന്നതിനാലാവും നാവും മനസ്സും ചേർന്ന് നിന്നിരുന്നതും ആ വിഭവങ്ങളോടൊപ്പം ആയിരുന്നു.

അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു യാഥാർത്ഥ്യം പിടികിട്ടി തുടങ്ങി. ഇങ്ങനെ മാത്രം പോയാൽ ഈ യാത്ര സഹയാത്രികന്‌ പരമബോറായി മാറാൻ അധികം താമസിക്കില്ലന്ന്. ആ ബോധ്യങ്ങൾ പ്രാവർത്തികമാക്കണം എന്ന തിരിച്ചറിവിനെ പോഷിപ്പിക്കാനെന്ന വണ്ണം പ്രവാസത്തിലേക്ക് മാറ്റപെടുക കൂടി ചെയ്തപ്പോൾ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ പാചകകല ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം എന്റെ സ്വത്വത്തിന്റെ ഭാഗമായി. അവിടെയും ഒരു തമാശയുണ്ടായിരുന്നു. പലതും നാവിനും കൈയ്ക്കും വഴങ്ങിയപ്പോഴും   ചൈനീസ് പാചകം മാത്രം ഒരപവാദമായി തുടരുകയായിരുന്നു ഈ അടുത്ത കാലം വരെ. പ്രിയപ്പെട്ടവന്റെ പ്രിയരുചികളിൽ ഇതൊന്നാമനായിട്ടും എനിക്കൊരിക്കലും ഈ രുചിഭേദത്തെ മെരുക്കണമെന്നോ മെരുക്കാൻ പറ്റുമെന്നോ തോന്നിയിരുന്നില്ല എന്നതായിരുന്നു വാസ്തവം. അങ്ങനെയൊരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കഴിച്ച ചൈനീസ് ഭക്ഷണത്തിൽ എന്റെ നാവുടക്കി. ചോദിച്ച്  മനസ്സിലാക്കാൻ നോക്കിയപ്പോൾ കിട്ടിയ വിശദീകരണവും കൊതിപ്പിക്കുന്നതായി. അങ്ങനെ രണ്ടും കൽ‍പ്പിച്ച് ഞാനും പയറ്റാൻ തീരുമാനിച്ചതിന്റെ തെളിവാണിത്.

*അന്ന് പ്രിയപ്പെട്ടവൻ സമ്മാനിച്ച ചിരിയ്ക്ക് ഒരവാർഡിന്റെ ജാഡയൊക്കെ ഉണ്ടായിരുന്നോ എന്നൊരു കുഞ്ഞ്  സംശയം…(ആത്മഗതം)

Posted in Uncategorized | Tagged , | 7 Comments

സാന്താക്ലോസ് വന്നല്ലോ !!!

ഇവിടെ ഡിസംബർ തുടങ്ങുമ്പോഴേ തുടങ്ങും ഇങ്ങനെ ഓരോന്ന് എടുത്ത് ബാൽക്കണിയിലും ജനാലപ്പടികളിലും തൂക്കാൻ.ഇവിടെ വന്ന കാലത്തൊക്കെ ഇതെന്തു വകുപ്പിലാണ് ഇത്ര നേരത്തെ ഇവരെയൊക്കെ ഇങ്ങനെ തൂക്കിയിട്ട് കഷ്ടപ്പെടുത്തുന്നതെന്നാലോചിച്ചിട്ടുണ്ട്. മക്കൾ സ്കൂളിലും നഴ്സറിയിലുമൊക്കെ പോയി തുടങ്ങിയപ്പോഴല്ലേ സംഭവം പിടികിട്ടിയത്.ക്രിസ്മസ്സിനു തലേന്നാണ് സാന്താക്ളോസ് വരുന്നതെന്നുള്ള എന്റെ അറിവിൽ യതൊരു കഥയുമില്ലെന്ന്…

യൂറോപ്പിന്റെ സാന്താക്ലോസ്  സങ്കല്പങ്ങൾ ഇന്നും പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിക്കാത്തവയാണ് .സെയിന്റ് നിക്കോളാസിന്റെ തിരുനാൾ ദിനമായ ഡിസംബർ ആറാണ് ഇവിടെ കുട്ടികളെ കാണാൻ സാന്താക്ളോസ് എത്തുന്നത്.ഡിസ്നിയുടെയും മറ്റനേകം കഥകളിലൂടെയും കണ്ടും കേട്ടും പരിചയിച്ച ഭാവത്തിനും രൂപത്തിനും അപ്പുറം ഒരു ബിഷപ്പിന്റെ വേഷപ്പകിട്ടുളോടെയാണ് ഇവിടെ സാന്തായുടെ വരവ്.സമ്മാനങ്ങളിലും കാണാം വ്യത്യസ്തത.ഓറഞ്ചും കപ്പലണ്ടിയും ചോക്ലേറ്റുകളും നിറച്ച പൊതികളാണ്‌ അന്നേദിവസം കുട്ടികൾക്ക് കിട്ടുന്നത്. അങ്ങനെ മകൾക്ക് കിട്ടിയ പൊതിയിൽ നിന്ന് കപ്പലണ്ടിയും കൊറിച്ച് അവളുടെ കൈപിടിച്ച് സ്കൂളിൽ നിന്നും മടങ്ങുന്ന വഴിയിലാണ് പുറത്തെ മഞ്ഞും തണുപ്പും സഹിക്കാൻ വയ്യാതെ അയൽ‍വാസിയുടെ ബാൽക്കണി വഴി ഉള്ളിൽ കയറിപ്പറ്റാൻ നോക്കുന്ന ഈ പാവം സാന്താക്ലോസിനെ കണ്ടത്. എന്റെ  ക്യാമറയത് കൈയ്യോടെ പിടികൂടുകയും ചെയ്തു  :- )

Posted in Uncategorized | 3 Comments

ആരോടും കൂട്ടില്ല…

പ്രൈമറിക്ലാസ്സുകളെങ്കിലും യൂറോപ്പിലെ സ്കൂളുകളിൽ പഠിക്കാനാവുന്നത് കുട്ടികളെ സംബന്ധിച്ച് ഭാഗ്യമെന്നേ ഞാൻ പറയൂ. ചെറുപ്രായത്തിൽ കുട്ടികളുടെ വളർച്ചയുടെ ഏറിയ പങ്കും പ്രകൃതിയെ അറിഞ്ഞ് വേണമെന്നുള്ള ശാഠ്യംകൊണ്ടാകാം മാസത്തിൽ രണ്ടു ദിവസങ്ങളെങ്കിലും പഠനം ചുമരുകൾക്ക് പുറത്താവാറാണ്‌ പതിവു്‌. മഴയോ, മഞ്ഞോ, വെയിലോ ഒന്നും അതിനു തടസ്സമാവാറുമില്ല എന്നതാണ്‌ രസം ..കഴിഞ്ഞ സ്കൂൾവർഷത്തിന്റെ കലാശം കൊണ്ടാടിയതും ക്ളാസ്സ് മുറികളെ അവഗണിച്ചു തന്നെയായിരുന്നു. മാതാപിതാക്കളെയും ഇതിന്റെയൊക്കെ ഭാഗഭാക്കുകളാക്കുന്നു എന്നതും പ്രശംസനീയമാണ്.

അന്ന് തിരഞ്ഞെടുത്തത് ഇവിടെ അടുത്തുള്ള ഒരു കുന്നിന്റെ മുകളിലെ പുൽ‍മേടാണ്‌. മാതാപിതാക്കൾ പരസ്പരം പരിചയപ്പെട്ടും പരിചയം  പുതുക്കിയും കനലടുപ്പിൽ  ബാർബക്യൂ  ചെയ്തും  സമയം ചെലവഴിച്ചപ്പോൾ കുട്ടികൾ വിശാലമായ കളിസ്ഥലത്തിന്റെ സാധ്യതകളെയും തെളിഞ്ഞു നിന്ന സൂര്യന്റെ പ്രകാശത്തെയും എല്ലാ പൂർണ്ണതയോടെയും ആസ്വദിക്കുന്നത് കാണാമായിരുന്നു. അതു നോക്കിയിരിക്കേ മനസ്സിൽ രൂപപ്പെട്ടതാണ്‌ ഈ ഫ്രെയിം. അതുവരെ സഹപാഠികളുടെ കളി കണ്ട് അമ്മയെ വട്ടം പിടിച്ചിരുന്ന കുട്ടി “ഞാനും വരുന്നു എന്നെ കൂടി കൂട്ടൂ” എന്ന് പറഞ്ഞ് അവരിലൊരാളാവാൻ നടന്ന് പോകുന്ന കാഴ്ചയാണിത്. എന്റെ ക്യാമറകണ്ണുകൾ കഥ ചൊല്ലിയത് ഇങ്ങനെയും…

Posted in Uncategorized | Tagged , , | 3 Comments